പാർട്ടിയേക്കാൾ വളർന്ന ബൂത്ത് പ്രസിഡൻ്റുമാർ വരെ വിലസുന്ന കേരളത്തിലെ മണ്ഡലം കമ്മിറ്റിയും ബ്ലോക്ക് കമ്മിറ്റിയും വരെ ഹരിയാനയിൽ കോൺഗ്രസ് തോറ്റത് എന്തുകൊണ്ട് എന്ന താത്വികമായ അവലോകനത്തിലാണ്. ആം ആദ്മിക്ക് ശക്തി പോയി, ജാട്ടുകൾ സഹകരിച്ചില്ല, പലരും കാലുവാരി എന്നൊക്കെയുള്ള ശാസ്ത്രീയമായ കണക്കുകൾ അവതരിപ്പിച്ച് സംതൃപ്തി അടയുന്ന കോൺഗ്രസുകാരുടെ നെഞ്ചത്തേക്ക് നല്ല ഒന്നാന്തരം വെടിയുതിർത്തിരിക്കുകയാണ് സാക്ഷാൽ രാഹുൽ ഗാന്ധി. " നേതാക്കളുടെ താൽപര്യം ഒന്നാമതും പാർട്ടിയുടെ താൽപര്യം രണ്ടാമതുമായതാണ്" ഹരിയാനയിലെ തോൽവിക്ക് കാരണമായതെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ യഥാർത്ഥത്തിൽ കോൺഗ്രസിൻ്റ നിലവിലുള്ള രാഷ്ട്രീയ സംസ്കാരത്തെയാണ് തുറന്നു കാട്ടുന്നത്. ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് ഭാരവാഹികൾ മുതൽ കോൺഗ്രസിൻ്റ അഖിലേന്ത്യാ നേതാക്കൾ വരെ പാർട്ടിയേക്കാൾ വളർന്നു കഴിഞ്ഞു എന്ന തോന്നൽ തുടങ്ങിയ കാലം മുതൽ തുടങ്ങിയതാണ് പാർട്ടിയുടെ പരാജയ കാലം. ഏറ്റവും ദയനീയമായി ദേശീയ തലത്തിൽ പരാജയപ്പെട്ട 2019 ൽ പോലും സ്വന്തമായി 20 ശതമാനം വോട്ടും മുന്നണിക്ക് 27 ശതമാനം വോട്ടും കിട്ടിയെന്നത് ശ്രദ്ധേയമാണ്.2024 ൽ അത് 23 ശതമാനവും മുന്നണിയുടേത് 29 ശതമാനവുമായി വളർന്നു. ബിജെപി മുന്നണിക്ക് കിട്ടിയത് 2019 ലും 24 ലും 37 ശതമാനം തന്നെ. ഒടുവിൽ ഹരിയാനയിലെത്തുമ്പോൾ വോട്ട് ശതമാനം 30 ശതമാനത്തോളം വർധിച്ചിട്ടും സുനിശ്ചിത വിജയം പ്രവചിക്കപ്പെട്ടിട്ടും കോൺഗ്രസ് തോറ്റു. എന്തുകൊണ്ട്? ഇവിഎം അട്ടിമറി നടന്നു എന്ന പരാതിയും ആരോപണവും ഉയർന്നു എന്നതിനപ്പുറം അതിൻ്റെ സാധ്യതകളെ തള്ളിപ്പറയാനാകില്ല എങ്കിൽ പോലും പലയിടങ്ങളിലേയും നേതാക്കളുടെ തോൽവിയുടെ കാരണം യന്ത്രക്കുഴപ്പം മാത്രമല്ല എന്ന് വ്യക്തമാകുന്നു. അവിടെയാണ് രാഹുൽ ഗാന്ധി എന്ന നേതാവിൻ്റെ വാക്കുകൾ പ്രസക്തമാകുന്നത്. രാഹുൽ ഗാന്ധി എന്ന നേതാവ് പാർട്ടിയുടെ പ്രസിഡൻ്റായി നയിച്ച 2019ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും ദയനീയ പ്രകടനമാണ് പാർട്ടി കാഴ്ചവച്ചത്. ജനകീയ ജനാധിപത്യത്തിൻ്റെ വക്താവായിരുന്നിട്ടും രാഹുൽ എന്ന പാർട്ടി പ്രസിഡൻ്റിനെ പരാജയത്തിൻ്റെ മുഖമാക്കി അവഹേളിച്ചത് ബിജെപിക്കാരേക്കാൾ കോൺഗ്രസുകാരാണ്. നേതൃത്വത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും പരസ്പര സൗഹൃദത്തോടെ പെരുമാറുകയും ചെയ്യുന്നതിനൊപ്പം നേതാക്കൾക്ക് ജനാധിപത്യത്തെ കുറിച്ച് കൃത്യമായ ആശയബോധം ഉണ്ടാവുകയും സ്ഥാനാമാന ആർത്തികൾക്കും അധികാരത്തിനുമപ്പുറം പാർട്ടിയോട് ബഹുമാനവും വിധേയത്വവും ഉണ്ടാകുകയും വേണം. എടുത്ത് പറയത്ത ഒരു വിധത്തിലുള്ള ജനാധിപത്യ ബോധ്യമോ, മനുഷ്യാവകാശ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഒരു ആശയമോ സമാധാന ജീവിതത്തിനും പൗരസ്വാതന്ത്യത്തിനും അനുസൃതമായ ഒരു ആദർശ സംഹിതയോ എന്തിനേറേ എടുത്ത് പറഞ്ഞ് അഭിമാനിക്കാൻ കഴിയുന്ന ചരിത്രമോ മഹത്തായ നേതൃത്വമോ രാഷ്ടീയ പാരമ്പര്യമോപോലും ഇല്ലാത്ത ബിജെപിയും സിപിഎമ്മും പ്രാദേശിക പാർട്ടികളും വിജയിച്ചു ഭരണത്തിലെത്തുമ്പോൾ ആണ് സകല നന്മകളും നിറഞ്ഞ കോൺഗ്രസ് തോൽക്കുന്നത്. അതും ഏറ്റവും ദയനീയ പരാജയ കാലത്ത് പോലും 20 ശതമാനം ഉറച്ച വോട്ടുകൾ സ്വന്തമായുള്ള പാർട്ടി. അപ്പോൾ പ്രശ്നം പാർട്ടിയുടേതല്ല. പാരമ്പര്യത്തിൻ്റേതല്ല. പിന്നെന്താണ്? അതിനുത്തരമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കോൺഗ്രസിൻ്റ നേതാക്കൾ അവരുടെ സീറ്റ്, അവർക്കുള്ള സ്ഥാനം, അത് നില നിർത്താനുള്ളതും പിടിച്ചടക്കാനുള്ളതും ആയ പരാക്രമങ്ങൾ, വിട്ടുകൊടുക്കാനോ സംയമനം കാണിക്കാനോ ക്ഷമയോടെ പ്രവർത്തിക്കാനോ തയാറാകാതെ നടത്തുന്ന ഗർവിഷ്ഠ പ്രവർത്തനങ്ങൾ എന്നിവയൊക്കെയാണ് പാർട്ടി പരാജയപ്പെടാനും നേതാക്കൾ നാണം കെടാനും കാരണമാകുന്നത്. 2019ലെ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജിവച്ചു. അന്ന് തയാറാക്കിയ രാജിക്കത്ത് ഇന്നും ഓൺലൈനിൽ ലഭ്യമാണ്. അതിലെ ഒരു പരാമർശം ഏകദേശം ഇങ്ങനെയാണ് - ഞാൻ രാജ്യത്താകമാനം കോൺഗ്രസിനായി ഓടി നടന്നു പ്രവർത്തിച്ചു, എന്നാൽ പല നേതാക്കളും അവരും അവരുടെ ആൾക്കാരും മാത്രം വിജയിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി ഒതുങ്ങിക്കൂടി - എന്നാണ്. സ്വന്തം സ്ഥാനത്തിനായി ഒരു സാമൂഹിക നാണക്കേടും ഓർക്കാതെ മറ്റ് പാർട്ടികൾക്ക് മുന്നിൽ പരസ്യമായും രഹസ്യമായും ആക്രാന്തം കാണിക്കുന്ന നേതാക്കൾ കോൺഗ്രസിൽ ഉണ്ടെന്നതാണ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ നാണക്കേടും പ്രതിസന്ധിയും. മഹിളാ കോൺഗ്രസ് നേതാവ് ലതികയും കെ.വി.തോമസും പത്മജ വേണുഗോപാലും ഒക്കെ പോയത് ആദർശാശയങ്ങൾ കൊണ്ടല്ല ആർത്തി കൊണ്ടാണ് എന്ന് ആർക്കാണ് അറിയാത്തത്? പാർട്ടിയുടെ എല്ലാ സൗകര്യങ്ങളും സ്ഥാനങ്ങളും നേടിയ ശേഷവും അവർക്കായി മുദ്രാവാക്യം വിളിച്ച അണികളെ വിഡ്ഡികളാക്കി, പാർട്ടിയേയും പ്രവർത്തകരേയും നാണം കെടുത്തി അവർ പോയി എങ്കിലും പാർട്ടി വിജയത്തിൻ്റെ ട്രാക്കിലേക്ക് കയറിയിട്ടും പാളം തെറ്റുന്നു എങ്കിൽ ഉത്തരവാദികൾ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ തരം നേതാക്കൾ ഇനിയും പലയിടത്തും പല വേഷത്തിൽ പാർട്ടിക്കുള്ളിൽ പതുങ്ങിയിരിപ്പുള്ളതുകൊണ്ടാണ്. താന്താങ്ങളുടെ അധികാരാർത്തി മാത്രം ലക്ഷ്യമിട്ട് തോന്നിയതുപോലെയൊക്കെ ഗ്രൂപ്പുകളിച്ചും വിഭാഗീയത സൃഷ്ടിച്ചും വളർത്തിയും തമ്മിൽ തല്ലിച്ചും അണികളെ വച്ച് വില പേശിയും ഭീഷണിപ്പെടുത്തിയും എതിരാളികളുമായി രഹസ്യ ബന്ധം സൂക്ഷിച്ചും ഒത്തുതീർപ്പു നടത്തിയും ഒരു വിധ നാണവും മാനവും ഇല്ലാതെ മറുകണ്ടം ചാടാൻ മടിക്കാതെയും കോൺഗ്രസിനുള്ളിൽ നിത്യ തർക്കങ്ങൾ സൃഷ്ടിക്കുന്നവരെ തിരിച്ചറിയാൻ ഇന്ന് അണികൾക്കും വോട്ടർമാർക്കും വേഗത്തിൽ സാധിക്കുന്നുണ്ട്. അതു കൊണ്ടാണ് രാഹുൽ ഗാന്ധി വളർന്നപ്പോഴും പാർട്ടി വളർന്നില്ല എന്ന പത്ര തലക്കെട്ട് മാധ്യമങ്ങളിൽ വൈറലായത്. വിഭാഗീയ ഗ്രൂപ്പുകളികളിലും പരസ്പരം ചവിട്ടി താഴ്ത്താനുള്ള പരാക്രമത്തിലും വിലസുന്ന കുറേ പേർ ഇന്നും പാർട്ടിക്ക് ബാധ്യതയും മാനക്കേടുമായി തുടരുകയാണ്. കർണ്ണാടകയിൽ ഡി.കെ.ശിവകുമാറും തെലുങ്കാനയിൽ രേവന്ത് റെഡ്ഡിയും കേരളത്തിൽ കെ.സുധാകരനും ഒക്കെ ജീവിതം പാർട്ടിക്കായി മാറ്റി വച്ച് യുദ്ധം ചെയ്ത് ചെയ്ത് തളരുമ്പോഴും സ്വന്തം താൽപര്യം മാത്രം നോക്കി ബൂത്ത് മുതൽ ദേശീയംതലം വരെ കളിക്കുന്ന നേതാക്കൾക്ക് ഉള്ള മാന്യമായ മുന്നറിയിപ്പാണ് രാഹുൽ ഗാന്ധി നൽകിയിട്ടുള്ളതെന്ന് വ്യക്തമാകുകയാണ്.
The truth of what Rahul Gandhi said